താഴെ പറയുന്ന സേവനങ്ങള്‍ ഈ മുനിസിപ്പല്‍ പ്രദേശത്ത് താമസിക്കുന്ന പൗരന്‍മാര്‍ക്ക് മുനിസിപ്പാലിറ്റി സമയബന്ധിതമായി ലഭ്യമാക്കുന്നതാണ്.

ക്രമ നം.

ലഭ്യമാക്കുന്ന സേവനങ്ങളുടെ വിവരം

അപേക്ഷകന്‍ പാലിക്കേണ്ട നിബന്ധനകള്‍

സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി (അപേക്ഷ കിട്ടിയതിനു ശേഷമുള്ള സമയം/ ദിവസം)

1

ജനന/മരണ/ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍

  1. ജനന സര്‍ട്ടിഫിക്കറ്റ് 5 രൂപ വിലയുള്ള അപേക്ഷഫോറം വാങ്ങി 1 വയസ്സ് 7 രൂപയും അതിനുമേല്‍ 12 രൂപയും ഫീസ് ഒടുക്കിയ രസീതും 10 രൂപയുടെ മുദ്രപത്രവും ചേര്‍ത്ത് മാതാവോ, പിതാവോ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയിന്‍മേല്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതും, മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതുമാണ്.
  2. മരണ സര്‍ട്ടിഫിക്കറ്റ് 5 രൂപ വിലയുള്ള അപേക്ഷഫോറം വാങ്ങി 10 രൂപയുടെ മുദ്രപത്രവും ചേര്‍ത്ത് 7 രൂപ ഫീസും ഒടുക്കി അപേക്ഷിക്കേണ്ടതാണ്. അപേക്ഷയിന്‍മേല്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്.
  3. വിവാഹസര്‍ട്ടിഫിക്കറ്റിന് 100 രൂപ ഫീസ് ഒടുക്കി വെള്ളപേപ്പറില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷയിന്‍മേല്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്.

7 പ്രവൃത്തി ദിവസം

2

ഹിന്ദു വിവാഹം രജിസ്റ്റര്‍ ചെയ്യല്‍

വധുവരന്‍മാരുടെ സംയുക്ത അപേക്ഷയോടൊപ്പം നിശ്ചിത വിവാഹ റിപ്പോര്‍ട്ട് ക്ഷണകത്തിന്‍റെ കോപ്പി വിവാഹം നടന്ന അമ്പലത്തിന്‍റെ /സമുദായത്തിന്‍റെ സര്‍ട്ടിഫിക്കറ്റ്, വധുവരന്‍മാരുടെ പേര്, പ്രായം, മതം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 15 ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണ്.

4 പ്രവൃത്തി ദിവസം

3

പൊതുവിവാഹ രജിസ്ട്രേഷന്‍

വിവാഹം നടന്ന് 45 ദിവസങ്ങള്‍ക്കുള്ളില്‍ വധുവരന്‍മാരുടെ സംയുക്ത അപേക്ഷയിന്‍മേല്‍ ഓഫീസില്‍നിന്ന് ലഭ്യമാകുന്ന വിവാഹ ഫോറം മെമ്മോറാണ്ടത്തിന്റെ 2 പകര്‍പ്പുകള്‍ വീതം പൂരിപ്പിച്ച് വിവാഹ റിപ്പോര്‍ട്ട്, ക്ഷണകത്തിന്റെ കോപ്പി വിവാഹം നടന്ന അമ്പലത്തിന്റെ/സമുദായത്തിന്റെ സര്‍ട്ടിഫിക്കറ്റ്, വധുവരന്‍മാരുടെ പേര്, പ്രായം, മതം എന്നിവ തെളിയിക്കുന്ന രേഖകള്‍, വിവാഹ ഫോട്ടോ സഹിതം സമര്‍പ്പിക്കേണ്ടതാണ്. മെമ്മോറാണ്ടത്തില്‍ വധുവരന്‍മാരുടെ 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പതിപ്പിക്കേണ്ടതാണ്. 45 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള രജിസ്ട്രേഷന് ഫോറം 2-ല്‍ അപേക്ഷിക്കേണ്ടതാണ്. ഫീസ് 100 രൂപ. 1 വര്‍ഷത്തിന്‍മേലുള്ള വിവാഹങ്ങള്‍ വിവാഹരജിസ്ട്രാര്‍ ജനറലിന്റെ അനുവാദത്തോടെയേ രജ്സ്ട്രേഷന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ.

4 പ്രവൃത്തി ദിവസം

4

താമസ സര്‍ട്ടിഫിക്കറ്റ് (റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്)

5/- മൂല്യമുള്ള അപേക്ഷാഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് വാടകക്കാരന്‍ ആണെങ്കില്‍ കെട്ടിടം ഉടമയുടെ സമ്മതപത്രവും തന്നാണ്ടില്‍ അടച്ച കെട്ടിട നികുതിയുടെ രസീതും ചേര്‍ത്ത് താമസിക്കുന്ന കെട്ടിടത്തിന്‍റെയും വാര്‍ഡിന്റെയും നമ്പറുകള്‍ വ്യക്തമാക്കികൊണ്ട് അപേക്ഷിക്കേണ്ടതാണ്. 10 രൂപ ഫീസ് ഒടുക്കേണ്ടതാണ്. പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല.

3 പ്രവൃത്തി ദിവസം

5

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്)

5/- രൂപ മൂല്യമുള്ള തയ്യാറാക്കിയ അപേക്ഷാഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് തന്നാണ്ടില്‍ അടച്ച കെട്ടിട നികുതിയുടെ രസീതും ചേര്‍ത്ത് താമസിക്കുന്ന കെട്ടിടത്തിന്റെയും വാര്‍ഡിന്റെയും നമ്പറുകള്‍ വ്യക്തമാക്കികൊണ്ട് അപേക്ഷിക്കേണ്ടതാണ്. 10 രൂപ ഫീസ് ഒടുക്കേണ്ടതാണ്. പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല.

3 പ്രവൃത്തി ദിവസം

6

പകര്‍പ്പുനല്കല്‍

ലഭിക്കേണ്ടതായ രേഖകളുടെ വിശദാംശങ്ങള്‍ വെള്ളപേപ്പറില്‍ എഴുതി ഓരോ പേജിനും 10 രൂപ പ്രകാരം ഫീസ് അടച്ച് അപേക്ഷിക്കേണ്ടതാണ്.

5 പ്രവൃത്തി ദിവസം

7

കെട്ടിടം പൊളിച്ചു കഴിഞ്ഞാല്‍

പൊളിച്ചുകളഞ്ഞ ഉടന്‍തന്നെ കെട്ടിടത്തിന്റെയും വാര്‍ഡിന്റെയും നമ്പര്‍ വ്യക്തമായി എഴുതി അതുവരെയുള്ള നികുതി അടച്ച രസീതിനോടൊപ്പം അപേക്ഷിക്കേണ്ടതാണ്.

15 പ്രവൃത്തി ദിവസം

8

കെട്ടിടം ഒഴിഞ്ഞു കിടക്കുന്നതില്‍ നികുതി ഇളവ് ലഭിക്കല്‍
( വേക്കന്‍സി റമിഷന്‍)

ഒരു അര്‍ദ്ധവര്‍ഷം പൂര്‍ണ്ണമായി കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ വെള്ളക്കടലാസില്‍ വാര്‍ഡ് നമ്പറും, വീട്ടു നമ്പറും ഏതു അര്‍ദ്ധ വര്‍ഷത്തേക്കാണെന്ന് കാണിച്ച് അര്‍ദ്ധവര്‍ഷം തുടങ്ങുന്നതിനു മുമ്പായി അപേക്ഷിക്കേണ്ടതാണ്. മാര്‍ച്ച് 31 ന് മുമ്പോ സെപ്തംബറില്‍ 30ന് മുമ്പോ അപേക്ഷിക്കേണ്ടതാണ്.

 

9

തൊഴില്‍ നികുതി

നികുതി സംബന്ധിച്ച് ബില്‍ കിട്ടി 15 ദിവസത്തിനകം നികുതി അടയ്ക്കേണ്ടതാണ്. പരാതിയുണ്ടെങ്കില്‍ മുന്‍ അര്‍ദ്ധവര്‍ഷത്തെ നിരക്കില്‍ നികുതി അടച്ച് നഗരസഭാ സെക്രട്ടറിക്ക് 15 ദിവസത്തിനകം റിവിഷന്‍ പെറ്റീഷന്‍ നല്കേണ്ടതാണ്. കുടിശ്ശിക വന്നാല്‍ പ്രതിമാസം 1% വിതം പലിശ അടയ്ക്കേണ്ടതാണ്.

 

10

വസ്തു നികുതി

ഒന്നാം അര്‍ദ്ധവര്‍ഷത്തെ നികുതി ഏപ്രില്‍ 30-നകവും രണ്ടാം അര്‍ദ്ധവര്‍ഷത്തെ നികുതി ഒക്ടോബര്‍ 31-ന് അകവും അടയ്ക്കേണ്ടതാണ്. കുടിശ്ശിക വന്നാല്‍ പ്രതിമാസം 1% വിതം പലിശ അടയ്ക്കേണ്ടതാണ്.

 

11

ഡി.&ഒ, പി.എഫ്.എ. ലൈസന്‍സ്

10/-രൂപ വിലയുള്ള 2 അപേക്ഷാഫോറങ്ങള്‍ വാങ്ങി തൊഴില്‍നികുതിയും കെട്ടിടനികുതിയും ഒടുക്കിയ രസീതും പുതിയ ലൈസന്‍സിനാണെങ്കില്‍ കെട്ടിട ഉടമയുടെ 100 രൂപ മൂല്യമുള്ള മുദ്രപത്രത്തിലുള്ള സമ്മതപത്രവും ചേര്‍ത്ത് നിയമാനുസൃതമുള്ള ലൈസന്‍സ് ഫീസ് ഒടുക്കി അപേക്ഷിക്കേണ്ടതാണ്.

10 പ്രവൃത്തി ദിവസം

12

ശല്യങ്ങളൊഴിവാക്കല്‍

ശല്യങ്ങളുടെ വിശദവിവരങ്ങള്‍ വസ്തു നിഷ്ഠമായി വെള്ള കടലാസില്‍ എഴുതി അപേക്ഷിക്കേണ്ടതാണ്. വാസ്തവരഹിതമായ പരാതിയിന്‍മേല്‍ പരാതിക്കാരന്റെ പേരില്‍ പിഴ ശിക്ഷയ്ക്ക് നടപടി സ്വീകരിക്കുന്നതാണ്.

10 പ്രവൃത്തി ദിവസം

13

ബില്‍ഡിംഗ് ലൈസന്‍സ്

50/- രൂപ മൂല്യമുള്ള നിശ്ചിത ഫോറത്തില്‍ അംഗീകൃത ബില്‍ഡിംഗ്
ഡിസൈനര്‍ ഒപ്പിട്ട് വെയ്ക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും 3 കോപ്പി പ്ലാനും സര്‍വെ സ്കെച്ച് , വില്ലേജില്‍ കരമടച്ച രസീത്, ആധാരത്തിന്റെ കോപ്പി, ബില്‍ഡിംഗ് ഷെഡ്യൂള്‍ 1 സെറ്റ് എന്നിവ അസ്സല്‍ രേഖകളോടൊപ്പം എല്ലാ ചൊവ്വാഴ്ചയും അപേക്ഷിക്കേണ്ടതാണ്.

ഏകവാസഗൃഹം- ഒരു ദിവസം
മറ്റുള്ളവ - 10 പ്രവൃത്തി ദിവസം

14

കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്

20/-രൂപ മൂല്യമുള്ള നിശ്ചിത ഫോറത്തില്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ 2 കോപ്പി പ്ലാനും, അംഗീകൃത ബില്‍ഡിംഗ് ഡിസൈനറുടെ ഒപ്പോടുകൂടി സമര്‍പ്പിക്കേണ്ടതാണ്.

ഏകവാസഗൃഹം- ഒരു ദിവസം
മറ്റുള്ളവ - 10 പ്രവൃത്തി ദിവസം

15

വീടിന് നമ്പര്‍ നല്കല്‍

ടൗണ്‍പ്ലാനിംഗ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം വെള്ള പേപ്പറില്‍ അപേക്ഷിക്കേണ്ടതാണ്.

3 പ്രവൃത്തി ദിവസം

16

റിവിഷന്‍ ഹര്‍ജികള്‍ (വസ്തു നികുതി)

നികുതി നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പുതിയ മേല്‍വിലാസവും വീട്ടു നമ്പറും കൃത്യമായി രേഖപ്പെടുത്തി അപേക്ഷിക്കേണ്ടതാണ്.

30 പ്രവൃത്തി ദിവസം

17

റിവിഷന്‍ ഹര്‍ജികള്‍ (തൊഴില്‍ നികുതി)

ബില്‍ കൈപ്പറ്റി 15 ദിവസത്തിനകം മുന്‍ അര്‍ദ്ധവര്‍ഷത്തെ നിരക്കിലുള്ള നികുതി തുക ഒടുക്കി രസീതിനോടൊപ്പം കെട്ടിട നമ്പറും അപേക്ഷകന്റെ മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തി വെള്ളക്കടലാസില്‍ അപേക്ഷിക്കേണ്ടതാണ്.

30 പ്രവൃത്തി ദിവസം

18

ജമ മാറ്റം

20 രൂപ മൂല്യമുള്ള നിശ്ചിത ഫോറം വാങ്ങി ആധാരത്തിന്റെയും വില്ലേജില്‍ പോക്കുവരവ് ചെയ്ത തന്നാണ്ടിലെ രസീതിന്റെയും മുനിസിപ്പല്‍ നികുതി ഒടുക്കിയ രസീതിന്റെയും ഫോട്ടോ സ്റ്റാറ്റ് കോപ്പിയോടൊപ്പം (ഇവയുടെ ഒറിജീനലോടുകൂടി ഓഫീസുമായി ബന്ധപ്പെട്ട് അസ്സലുമായി ഒത്തു നോക്കി ന്യൂനതകള്‍ പരിഹരിച്ച്) അപേക്ഷിക്കേണ്ടതാണ്. ആധാരം നടത്തി മൂന്നുമാസം കഴിഞ്ഞാണ് അപേക്ഷിക്കുന്നതെങ്കില്‍ 250 രൂപ വരെ പിഴ ഒടുക്കി അപേക്ഷിക്കേണ്ടതാണ്.

15 പ്രവൃത്തി ദിവസം

19

അപ്പീല്‍ പെറ്റീഷന്‍ (വസ്തു നികുതി)

റിവിഷന്‍ ഹര്‍ജിയിന്‍മേലുള്ള തീരുമാനം കൈപ്പറ്റി 15 ദിവസത്തിനകം പുനര്‍ നിര്‍ണ്യം ചെയ്തു നികുതിസംഖ്യ ഒടുക്കിയ രസീതിന്റെ വിവരം (പകര്‍പ്പ്) സഹിതം നികുതി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വെള്ളക്കടലാസില്‍ അപേക്ഷിക്കേണ്ടതാണ്. (സ്റ്റാമ്പ് പതിക്കേണ്ടതില്ല)

60 പ്രവൃത്തി ദിവസം

20

അപ്പീല്‍ പെറ്റീഷന്‍ (തൊഴില്‍ നികുതി)

റിവിഷന്‍ ഹര്‍ജിയിന്‍മേലുള്ള തീരുമാനം കൈപ്പറ്റി 15 ദിവസത്തിനകം നികുതിസംഖ്യ ഒടുക്കിയ വിവരം (പകര്‍പ്പ്) സഹിതം നികുതി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വെള്ളക്കടലാസില്‍ അപേക്ഷിക്കേണ്ടതാണ്. (സ്റ്റാമ്പ് പതിക്കേണ്ടതില്ല)

60 പ്രവൃത്തി ദിവസം

21

തെരുവു വിളക്കുകള്‍ തകരാറായത് കത്തിക്കല്‍

കത്താത്ത തെരുവുവിളക്കിന്റെ പോസ്റ്റ് നമ്പരും വാര്‍ഡ് നമ്പരും, തെരുവിന്റെ പേരും കൃത്യമായി രേഖപ്പെടുത്തി വെള്ളകടലാസില്‍ പരാതി നല്കേണ്ടതും പരാതി പുസ്തകത്തില്‍ രേഖപ്പെടുത്താവുന്നതുമാണ്.

5 പ്രവൃത്തി ദിവസം

22

ഹെല്‍ത്ത് കാര്‍ഡ്

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉല്പാദനം/വിതരണം നടത്തുന്നവര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, 30 രൂപ ഫീസടച്ച് രസീത് എന്നിവ സഹിതം വെള്ളക്കടലാസില്‍ വിശദവിവരം രേഖപ്പെടുത്തി അപേക്ഷിക്കേണ്ടതാണ്.

2 പ്രവൃത്തി ദിവസം

23

ആംബുലന്‍സ്

ആംബുലന്‍സ് ആവശ്യമെന്ന് കണ്ടാല്‍ 2623755 മുതല്‍ 2623759 വരെ നമ്പര്‍ ടെലിഫോണില്‍ ബന്ധപ്പെടുക. ആദ്യത്തെ 10 കിലോമീറ്ററിന് 100 രൂപയും തുടര്‍ന്ന് വരുന്ന ഓരോ കിലോമീറ്ററിനും 8 രൂപയുമാണ് വാടക. വെയ്റ്റിംഗ് ചാര്‍ജ്ജ് മണിക്കൂറിന് 50 രൂപ.

 

24

ശുചീകരണം തൃപ്തികരമല്ലെന്ന് കണ്ടാല്‍

വാര്‍ഡ് നമ്പറും സ്ഥലത്തിന്റെ വിശദവിവരവും പരാതിയുടെ സ്വഭാവവും വ്യക്തമാക്കി വെള്ളക്കടലാസില്‍ അപേക്ഷിക്കേണ്ടതാണ്.

 

25

പൊതുടാപ്പുകളെ കുറിച്ചുള്ള പരാതി

വാര്‍ഡ് നമ്പറും സ്ഥലത്തിന്റെ വിശദവിവരവും പരാതിയും വ്യക്തമാക്കി വെള്ളകടലാസില്‍ അപേക്ഷിക്കേണ്ടതാണ്.

 

26

വിധവ പെന്‍ഷന്‍

ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ 2 പ്രതികള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് അപേക്ഷയില്‍ വാര്‍ഡ് കൗണ്‍സിലറുടെ അഭിപ്രായം രേഖപ്പെടുത്തി സമര്‍പ്പിക്കണം. റേഷന്‍കാര്‍ഡിന്റെ 1, 4 പേജുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളും മരിച്ചുപോയ ഭര്‍ത്താവിലുള്ള സന്താനങ്ങളുടെ വിവരം എന്നിവസഹിതം വേണം അപേക്ഷിക്കാന്‍. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ അഗതികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക വരുമാനപരിധി 22375 രൂപ.

 

27

വാര്‍ദ്ധക്യകാല പെന്‍ഷന്‍

ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ 2 പ്രതികള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് അപേക്ഷയില്‍ വാര്‍ഡ് കൗണ്‍സിലറുടെ അഭിപ്രായം രേഖപ്പെടുത്തി സമര്‍പ്പിക്കണം. റേഷന്‍കാര്‍ഡിന്റെ 1, 4 പേജുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, എന്നിവസഹിതം വേണം അപേക്ഷിക്കാന്‍. അപേക്ഷകര്‍ 65 വയസ്സിന് മേല്‍ പ്രായമുള്ളവരും 20 വയസ്സിന് മേല്‍ പ്രായമുള്ള ആണ്‍മക്കള്‍ ഇല്ലാത്തവര്‍ ആയിരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ അന്നപൂര്‍ണ്ണ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്‍ക്ക് ഈ പെന്‍ഷന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. വാര്‍ഷിക വരുമാനപരിധി 11000 രൂപ.

 

28

വികലാംഗ പെന്‍ഷന്‍

ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ 2 പ്രതികള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് അപേക്ഷയില്‍ വാര്‍ഡ് കൗണ്‍സിലറുടെ അഭിപ്രായം രേഖപ്പെടുത്തി സമര്‍പ്പിക്കണം. റേഷന്‍കാര്‍ഡിന്റെ 1, 4 പേജുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, വികലാംഗനാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. 45% -ന് മേല്‍ വികലാംഗത്വമുള്ളവര്‍ക്ക് മാത്രമേ ഈ പെന്‍ഷന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളൂ. വാര്‍ഷിക വരുമാനപരിധി 22375 രൂപ.

 

29

വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം.

ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാഫോറത്തിന്റെ 2 പ്രതികള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് അപേക്ഷയില്‍ വാര്‍ഡ് കൗണ്‍സിലറുടെ അഭിപ്രായം രേഖപ്പെടുത്തി സമര്‍പ്പിക്കണം. റേഷന്‍കാര്‍ഡിന്റെ 1, 4 പേജുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വിധവയാണെന്നും പുനര്‍വിവാഹം നടത്തിയിട്ടില്ലെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മരിച്ചുപോയ ഭര്‍ത്താവിലുള്ള സന്താനങ്ങളുടെ വിവരം, വിവാഹിതയാകുന്ന കുട്ടിയുടെ ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം വിവാഹ തീയതിക്ക് 1 മാസം മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഭര്‍ത്താവുപേക്ഷിച്ചുപോയ അഗതികള്‍ക്കും ഈ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക വരുമാനപരിധി 22375 രൂപ.

 

30

തൊഴില്‍രഹിത വേതനം

18 നും 35 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ എസ്.എസ്.എല്‍.സി. പാസായവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും എസ്.എസ്.എല്‍.സി.പാസാകണമെന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് 3 വര്‍ഷം കഴിഞ്ഞിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 12000 രൂപയില്‍ കവിയരുത്. അംഗവൈകല്യമുള്ള അപേക്ഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷത്തെ സീനിയോരിറ്റി മതിയാകുന്നതാണ്. പെന്‍ഷനായോ സര്‍ക്കാരിന്റെ ഏതെങ്കിലും ക്ഷേമപദ്ധതിയില്‍ നിന്നുള്ള ധനസഹായമോ, പാരിതോഷികം, സ്റ്റൈപന്റ്, അലവന്‍സ് എക്സ്ഗ്രേഷ്യ എന്നീ ഇനങ്ങളിലായി പ്രതിമാസം 100 രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്ത തൊഴില്‍രഹിതരായിരിക്കണം. വാര്‍ഷിക വരുമാനപരിധി 12000 രൂപ.

 

31

വിവരാവകാശ നിയമം

2005 ലെ വിവരാവകാശ നിയമ പ്രകാരം ഏത് പൗരനും ഈ നഗരസഭയുമായി ബന്ധപ്പെട്ട ഏത് രേഖകളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആവശ്യപ്പെടാവുന്നതാണ്. നഗരസഭയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. 10/- രൂപയാണ് അപേക്ഷാഫീസ്. ആയത് പണമായി ഒടുക്കുകയോ കോര്‍ട്ട് ഫീസ്റ്റാമ്പ് പതിക്കുകയോ ചെയ്യാവുന്നതാണ്. മറുപടി തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ അധികാരിക്ക് (മുനിസിപ്പല്‍ സെക്രട്ടറി) അപ്പീല്‍ നല്‍കാവുന്നതാണ്. ആയതിന് ഫീസ് ആവശ്യമില്ല.

30 പ്രവൃത്തി ദിവസം

പ്രത്യേക കുറിപ്പ്

1.         എല്ലാത്തരം  അപേക്ഷകളിന്‍മേലും നിയമാനുസൃതമായ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതാണ്.
2.         നിയമപ്രകാരം നഗരസഭയില്‍ അടക്കേണ്ട എല്ലാവിധ നികുതികളും ഫീസുകളും സമയപരിധിക്കകം അടച്ച്  മേല്‍നടപടികള്‍ ഒഴിവാക്കുക.
3.         നഗരസഭാതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന ജനനമരണങ്ങള്‍ 21 ദിവസത്തിനകം നഗരസഭാ ഓഫീസില്‍ അറിയിക്കുക.
4.         സാംക്രമിക രോഗങ്ങളെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടനടി നഗരസഭാ പൊതുജനാരോഗ്യ വിഭാഗത്തില്‍  അറിയിക്കുക.
5.         വളര്‍ത്തു നായ്ക്കളെ പേപ്പട്ടിവിഷബാധക്കെതിരെയുള്ള കുത്തിവെപ്പിന് വിധേയമാക്കുക.
6.         വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള  ചപ്പുചവറുകളും മാലിന്യങ്ങളും പൊതുവഴികളിലും അഴുക്കുചാലുകളിലും വലിച്ചെറിയാതിരിക്കുക.
7.         നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പ്രദര്‍ശനാനുമതി വാങ്ങുക.
8.         സിനിമാതിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റില്‍  നഗരസഭയുടെ സീലുണ്ടോ എന്ന് പരിശോധിക്കുകയും ടിക്കറ്റിന്റെ  ഒരു ഭാഗം   സിനിമ പ്രദര്‍ശനം അവസാനിക്കുന്നതുവരെ സൂക്ഷിക്കുകയും ചെയ്യുക.

 

മുനിസിപ്പല്‍ സെക്രട്ടറി
ആലുവ നഗരസഭ