English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഉദ്ദേശം രണ്ടേകാല്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ അതായത് മഹാശിലായുഗം കാലം മുതല്‍ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് കരുതാനാവശ്യമായ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളില്‍പോലും എത്തിച്ചത്. ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നില്‍ പുരാണകഥകളില്‍ പരാമര്‍ശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയില്‍ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയില്‍ വീണാല്‍ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നല്‍കി. ശിവന്‍ ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാര്‍വ്വതി ശിവന്റെ കഴുത്തില്‍ പിടിച്ച് വിഷം തൊണ്ടയില്‍ തടഞ്ഞുനിര്‍ത്തി. കാളകൂടവിഷം എന്നര്‍ത്ഥം വരുന്ന “ആലം” “വാ”യില്‍ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാര്‍ നട്ടുവളര്‍ത്തിയ ആല്‍വൃക്ഷത്തില്‍ നിന്നാണ് ആലുവ എന്ന പേര്‍ ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. മധ്യകാലഘട്ടത്തില്‍ ആലുവ പ്രദേശം ആലങ്ങാട് നാടുവാഴിയുടെ കീഴിലായിരുന്നു. മങ്ങാട്ടു കൈമള്‍മാര്‍ എന്നായിരുന്നു ആലങ്ങാട് നാടുവാഴികള്‍ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ബഹുശതം നാടുവാഴി പ്രദേശങ്ങളിലൊന്നായിരുന്ന ആലങ്ങാടിന്, 18-ാം നൂറ്റാണ്ടില്‍ ശക്തി പ്രാപിച്ചുവന്ന പുതിയ മേല്‍ക്കോയ്മകള്‍ അംഗീകരിക്കേണ്ടി വന്നു. 18-ാം നൂറ്റാണ്ടില്‍ കൊച്ചിയുടെ സമീപപ്രദേശം എന്ന നിലയില്‍ ആലുവ ഉള്‍പ്പെട്ട ആലങ്ങാടും, പറവൂരും കൊച്ചിയുടെ മേല്‍ക്കോയ്മയ്ക്ക് കീഴിലായി. 1756-ല്‍ പ്രസ്തുത പ്രദേശങ്ങള്‍ കൊച്ചിയും, തിരുവിതാംകൂറും പിടിച്ചടക്കാന്‍ തെക്കോട്ട് പടനീക്കം നടത്തിയ സാമൂതിരിയുടെ കൈപ്പിടിയിലായി. സാമൂതിരിക്ക് പക്ഷേ തിരുവിതാംകൂറുമായുള്ള പോരാട്ടത്തില്‍ തോല്‍വിയടയേണ്ടിവന്നെങ്കിലും കൊച്ചിയുടെ മേല്‍ക്കോയ്മയുണ്ടായിരുന്ന ആലങ്ങാടും പറവൂരും ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളും സാമൂതിരി തന്റെ കൈവശം നിലനിര്‍ത്തി. കൊച്ചി രാജാവ് ഇതിനെതിരെ തിരുവിതാംകൂറിന്റെ സഹായത്തോടു കൂടി സാമൂതിരിയുടെ സൈന്യത്തെ തോല്‍പ്പിച്ചോടിക്കുകയും അതിന്റെ പ്രതിഫലമായി, കൊച്ചിയുടെ മേല്‍ക്കോയ്മയ്ക്കു കീഴിലുണ്ടായിരുന്ന ആലങ്ങാട്, പറവൂര്‍ നാടുവാഴികള്‍ അവരുടെ ദേശങ്ങള്‍ തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയും തിരുവിതാംകൂറില്‍ നിന്ന് അടുത്തൂണ്‍ പറ്റി പാര്‍ത്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണ് 1949-ല്‍ തിരു-കൊച്ചി രൂപീകരണ കാലത്തും, 1956-ല്‍ ഐക്യകേരള രൂപീകരണം വരെയും ഈ പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായി നിലകൊണ്ടത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പടയോട്ടം നടത്തുന്നതിനിടയില്‍ കൊച്ചി കീഴടക്കുന്നതിനായി ആലുവയില്‍ പെരിയാറിന്റെ തീരത്ത് തമ്പടിക്കുകയുണ്ടായി. അതിനിടയില്‍ പറവൂരും ആലങ്ങാടും ടിപ്പു കീഴടക്കിയിരുന്നു. ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലില്‍ ചതിയില്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുറച്ചുകാലം ആലങ്ങാടും, പറവൂരും ബ്രിട്ടീഷ് അധീനതയിലായി. എന്നാല്‍ തിരുവിതാംകൂര്‍ രാജാവ് തന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങള്‍ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷധികാരികള്‍ക്ക് കത്തയച്ചു. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കോണ്‍വാലീസ് പ്രഭു ഇതേപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്ന് ഈ പ്രദേശങ്ങളും കൂടെ കുന്നത്തുനാടും തിരുവിതാംകൂറിന് വിട്ടുകൊടുത്തു. അങ്ങനെ കൊച്ചിരാജ്യത്തിന്റെ മധ്യത്തില്‍ തന്നെ ഒരു വലിയ പ്രദേശം തിരുവിതാംകൂറിന്റേതായി വളരെക്കാലം നിലനിന്നു. അക്കാലത്ത് ആലുവ ഉള്‍പ്പെട്ട ആലങ്ങാട് ആദ്യം ഒരു സര്‍വ്വാധികാര്യക്കാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. പിന്നീട് കോട്ടയം ഡിവിഷനില്‍പ്പെട്ട ഒരു താലൂക്കായി. 1925-ലെ മഹാത്മാഗാന്ധിയുടെ ആലുവാ സന്ദര്‍ശനം അവിസ്മരണീയമായ ചരിത്രസംഭവമാണ്. ആലുവ മുനിസിപ്പാലിറ്റിയും, യു.സി കോളേജും, സംസ്കൃത പാഠശാലയും നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പങ്കെടുത്തു. ഈ പരിപാടികളുടെ ദൃക്സാക്ഷിയും യു.സി കോളേജിലെ അധ്യാപകനും പില്‍ക്കാലത്ത് ലോകപ്രസിദ്ധ പത്രപ്രര്‍ത്തകനും, രാഷ്ട്രീയ വിമര്‍ശകനുമൊക്കെയായ മാല്‍ക്കം മാഗ്റിഡ്ജ് തന്റെ ആത്മകഥയില്‍ മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആലുവയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഈ സന്ദര്‍ശനം ഇന്നാട്ടുകാരായ ധാരാളമാളുകളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരാക്കി മാറ്റി. 1924-ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളനത്തിനു ശേഷമാണ് കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം സാര്‍വ്വത്രികമായത്. ആലുവയുടെ ചരിത്രത്തില്‍ അവിസ്മരണീയ സ്ഥാനമുള്ള സ്ഥാപനങ്ങളാണ് സെമിനാരികള്‍ . കേരളത്തിലെ പഴക്കം ചെന്ന സെമിനാരികളിലൊന്നായ വരാപ്പുഴ സെമിനാരി 1933-ല്‍ മാറ്റി സ്ഥാപിച്ചതാണ് സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമേഖലയായ ആലുവായിലെ ആദ്യ ഫാക്ടറിയായി അറിയപ്പെടുന്നത് പണ്ട് “ബാലകൃഷ്ണന്‍ കമ്പനി” എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്സ് ആണ്. സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്സ് തെക്ക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചൂര്‍ണ്ണിക്കര പഞ്ചായത്തിലാണ്. വളരെക്കാലം ആലുവ തിരുവിതാംകൂറിലെ ഏക റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു. തിരുവിതാംകൂറിലെ രണ്ടു പ്രധാന ദേശീയ പാതകള്‍ ആലുവയുമായി ബന്ധപ്പെട്ടതായിരുന്നു. ആലുവയിലെ വന്‍കിട വ്യവസായ സ്ഥപാനമായ 'കാത്തായി കോട്ടണ്‍മില്‍ ' പതിനൊന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഇപ്പോള്‍ പൂട്ടികിടക്കുന്നു. ആലുവായുടെ പ്രസിദ്ധി പുറം നാടുകളില്‍ വ്യാപിപ്പിച്ചത് ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ്. ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന അപരനാമം നേടിയതും അങ്ങനെയാണ്. തിരുവിതാംകൂറിലെ ഒരു പ്രമുഖ വേനല്‍കാല സുഖവാസ കേന്ദ്രമായി ആലുവ അറിയപ്പെട്ടത് ആലുവായിലെ പരിശുദ്ധിയും നൈര്‍മല്യവും കൊണ്ടായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ്, പോര്‍ട്ടുഗീസ്, ഡച്ചുകാര്‍ , ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം ചരിത്ര പ്രസിദ്ധമായ ആലുവാപുഴയില്‍ ആകൃഷ്ടരായിരുന്നു. ആരാധ്യനായ ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവായില്‍ ചെലവഴിച്ചിരുന്നു.