എറണാകുളം ജില്ലയില്‍ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആലുവ വെസ്റ്റ് എന്ന വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ആലുവ നഗരസഭയ്ക്ക് 7.18 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങമനാട്, കീഴ്മാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചൂര്‍ണ്ണിക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കടുങ്ങല്ലൂര്‍ , കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളുമാണ് ആലുവ നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍ . ജലസമൃദ്ധമായ പെരിയാര്‍ നദിയുടെ തീരത്താണ് ആലുവ നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ , ചെങ്കല്‍ കുന്നുകള്‍ , ചെരിവുകള്‍ മുതലായവ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളില്‍പോലും എത്തിച്ചത്. ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നില്‍ പുരാണകഥകളില്‍ പരാമര്‍ശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയില്‍ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയില്‍ വീണാല്‍ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നല്കി. ശിവന് ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാര്‍വ്വതി ശിവന്റെ കഴുത്തില്‍ പിടിച്ച് വിഷം തൊണ്ടയില്‍ തടഞ്ഞുനിര്‍ത്തി. കാളകൂടവിഷം എന്നര്‍ത്ഥം വരുന്ന “ആലം” “വാ”യില്‍ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാര് നട്ടുവളര്‍ത്തിയ ആല്‍വൃക്ഷത്തില്‍ നിന്നാണ് ആലുവ എന്ന പേര് ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. 1911-ല്‍ തിരുവിതാംകൂറിലെ ഒരു പട്ടണമെന്ന നിലയില്‍ ടൌണ്‍ സാനിറ്ററി കൌണ്‍സിലും, പിന്നീട് ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റിയും ഭരിച്ചുപോന്ന ആലുവ 1921-ലാണ് ഒരു മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൌണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്ന ശേഷം അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പല്‍ കൌണ്‍സിലിന്റെ ചെയര്മാന് എം.കെ.ഖാദര്പിളളയായിരുന്നു.
പൊതുവിവരങ്ങള്‍
ജില്ല : എറണാകുളം
വിസ്തീര്‍ണ്ണം : 7.18 ച.കി.മി
കോഡ് : M070800
വാര്‍ഡുകളുടെ എണ്ണം : 26
ജനസംഖ്യ : 24108
പുരുഷന്മാര് : 11756
സ്ത്രീകള്‍ : 12352
ജനസാന്ദ്രത : 3358
സ്ത്രീ : പുരുഷ അനുപാതം : 1050
മൊത്തം സാക്ഷരത : 96.29
സാക്ഷരത (പുരുഷന്മാര് ) : 97.37
സാക്ഷരത (സ്ത്രീകള്‍ ) : 95010
Source : Census data 2001